Tuesday, January 23, 2024

ബാന്‍ഗന്‍ഗട്ട്


 
 
 
 
 
 
 
 
 
     ഇടയ്ക്കെല്ലാം ഒരു ഞെട്ടലോടെ നാമെല്ലാം കേട്ടറിയുന്നതാണ് സുഷുപ്തി മരണങ്ങൾ. ഉറങ്ങാൻ പോവുമ്പോൾ യാതൊരു അസ്വസ്ഥതയും ഉണ്ടായിരുന്നില്ല എന്ന് ചില കൂട്ടരുടെ ഉറ്റവർ പറയുമ്പോൾ മറ്റു ചിലരുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പറയാനുണ്ടാവുന്നത് വേറെ ചില കഥകളാണ്. മക്കളുടെ ഭാവിയെപ്പറ്റിയുമൊക്കെ പരേതൻ തലേന്നാൾ പറഞ്ഞിട്ടുണ്ടാകും. യാത്രാമൊഴി എന്ന് പിന്നീട് തോന്നുന്ന ചില വാക്കുകൾ, വാചകങ്ങൾ, അങ്ങനെയുള്ള ചിലത് ​എല്ലാക്കാലത്തേക്കും ഓർത്തുവയ്ക്കാനുണ്ടാവും ഇവർക്ക്. ചിലർ മരണം മുൻകൂട്ടിക്കണ്ടതുപോലെ ക്ഷേത്രദർശനം, വഴിപാട് എന്നിവ പതിവിന് വിപരീതമായി നടത്തിയെന്നിരിക്കും. വിദൂരസ്ഥലത്തെ അടുത്ത ബന്ധുക്കളോട് സമ്പർക്കം നടത്തുക, കണക്ക് തീർക്കുക ഒക്കെ ചെയ്തുവെന്നു വരും. കല്യാണങ്ങൾക്കോ മറ്റോ പോയി നന്നായി ഭക്ഷണമൊക്കെ കഴിച്ച് ഉറങ്ങിയവരാണ് ചില സന്ദർഭങ്ങളിൽ പിറ്റേന്ന് ശാന്തരായി നിത്യനിദ്രയിലാണ്ടവരായി കാണപ്പെടുന്നത്.
     ഡോക്ടർമാർ ഈ Sleep Deathനെ, 'ബാൻഗന്‍ഗട്ട് (Bangungut) എന്ന ഓമനപ്പേരിട്ട് വിളിക്കുന്നു. സുഷുപ്തി മരണങ്ങൾക്ക് ഫിലിപ്പിനോ ഭാഷയിൽ പറയുന്ന പേരാണിത്. ജപ്പാൻകാർ ഇതിനെ പൊക്കുരി (Pokkuri) എന്നും തായ്‌ലൻഡുകാർ ലായ്-തായ് (Lai-Tai) എന്നും പറയുന്നു. പോസ്റ്റ്മോർട്ടം പരിശോധനയിൽ മിക്കപ്പോഴും കാരണമൊന്നും വെളിപ്പെടാറില്ല. ഹൃദയധമനിക്കോ മറ്റോ കാണുന്ന ചെറിയ രോഗാവസ്ഥകളെ അവലംബിച്ച് ഹൃദ്രോഗം എന്നൊരു കാരണം പറഞ്ഞൊഴിയുകയാണ് ചില അവസരങ്ങളിലെങ്കിലും അവർ. ഇവ യദൃശ്ചയാ സംഭവിക്കുന്ന മസ്തിഷ്കനിഷ്ഠമായ മരണമാവാനാണ് കൂടുതൽ സാധ്യത. ഒരു പൂവ് ഞെട്ടറ്റു വീഴുന്നതുപോലെ, ഒരു മൃദുഗാനം നിലയ്ക്കുന്നതുപോലെ ഉള്ള പ്രശാന്തമരണങ്ങളാണ് ഇവ. ജീവിച്ചു തീരുന്നതിനിടയിൽ മനസ്സിൽ ഇത്തരമൊരു മരണം സൃഷ്ടിച്ച ആഘാതം സൂക്ഷിക്കാത്തവർ ആരുമുണ്ടാവില്ല. സാഹിത്യകാരനും സിനിമാ സംവിധായകനുമായ പത്മരാജന്‍റെ മരണം ഇത്തരത്തില്‍ ഒന്നായിരുന്നു.
 
      ജനുവരിയിലെ ഒരു തണുത്ത പ്രഭാതത്തിലാണ് വായനക്കാരും ചലച്ചിത്രാസ്വാദകരുമടങ്ങുന്ന തന്‍റെ ആരാധകരെയൊക്കെ ഞെട്ടിച്ചുകൊണ്ടുള്ള പത്മരാജന്‍റെ മരണം. കോഴിക്കോട്, തന്‍റെ ചിത്രമായ ഞാൻ ഗന്ധർവന്‍-ന്‍റെ പ്രചരണാർത്ഥം നടത്തിയ, അതിന്‍റെ പ്രമുഖപ്രവർത്തകർ സംബന്ധിച്ച, ഒരു ചടങ്ങിനുശേഷം താമസിച്ചാണ് അദ്ദേഹം ഉറങ്ങാൻ കിടന്നത്. ഹോട്ടൽമുറിയിൽ തന്‍റെ പതിവനുസരിച്ച്, നിലത്ത് ഷീറ്റ് വിരിച്ച്, സമീപത്ത് കൂജയിൽ കുടിക്കാനുള്ള വെള്ളവുമായാണ് കിടന്നത് എന്ന് മറ്റുള്ളവർ പറയുന്നു. ഒരു സുഹൃത്തും മുറിയിൽ ഉണ്ടായിരുന്നു. ഉറങ്ങിക്കിടന്നിടത്ത് മരിച്ചുകിടക്കുന്ന അദ്ദേഹത്തെയാണ് പിറ്റേന്ന് പ്രഭാതത്തിൽ മറ്റുള്ളവർ കണ്ടത്. ചിത്രത്തിന്‍റെ പ്രവർത്തകരും പ്രധാന നടന്മാരായ നിതീഷ് ഭരദ്വാജ്, എം ജി സോമൻ  തുടങ്ങിയവരും കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മൃതദേഹത്തെ അനുഗമിച്ചിരുന്നു. അവരാണ് മൃതദേഹം ടേബിളിലേക്ക് എടുത്തുവച്ചത്. മറ്റുള്ളവർ പുറത്ത് തിക്കിത്തിരക്കി, ഒരുനോക്കുകാണാൻ.

     പ്രശാന്തഭാവത്തിൽ ഒരു നിദ്രയിലെന്നവണ്ണം തന്‍റെ ഉജ്ജ്വലനേത്രങ്ങൾ മിക്കവാറും അടഞ്ഞ്, കൈകൾ നെഞ്ചിൽ പിണച്ചുവച്ച് നേരെ നിവർന്ന് അദ്ദേഹം കിടന്നു. പേശീദാര്‍ഡ്യം (Rigormortis) മുഖഭാവം വലിച്ചുമുറുക്കുന്ന തരത്തിൽ ആയി കാണപ്പെട്ടില്ല. നിറവ്യത്യാസമൊന്നും മുഖത്തും മറ്റിടങ്ങളിലും ഉണ്ടായിരുന്നില്ല. (ഹൃദയാഘാതം മൂലം നടക്കുന്ന സാധാരണ മരണങ്ങളില്‍ മിക്കവാറും കണ്ണുകൾ കലങ്ങി, മുഖം കുറച്ചു വിങ്ങിയും നീലിച്ചും, മൂക്കിലൂടെ ചോരയെടുത്തും മറ്റുമാണ് കാണപ്പെടുക. ശ്വാസതടസ്സം ഉണ്ടായതിന്‍റെ അടയാളങ്ങളാണ് ഇവ). തിങ്ങിനിറഞ്ഞ മുടിയും താടിയുമൊക്കെ അലങ്കോലപ്പെടാതെയും ശുഭ്രവസ്ത്രങ്ങൾ ഉടയാതെയും ദ്രവങ്ങൾ വീണ് മലിനപ്പെടാതെയും പത്മരാജൻ പോസ്റ്റ്മോർട്ടം ടേബിളിൽ കിടന്നു. കുളിമുറി വിട്ടിറങ്ങിയപ്പോഴെന്നവണ്ണം ത്വക്ക്, കൈകാലുകൾ ഇവ പുതുമയോടെ കാണപ്പെട്ടു. വലതു കൈയും കൈവിരലുകളും ഞാൻ പ്രത്യേകം നോക്കി നിന്നു. സർഗ്ഗപ്രതിഭ തന്നിലൊതുങ്ങിപ്പോവാതെ അനുവാചകരിലെത്തിക്കാൻ അദ്ദേഹത്തെ തുണച്ച വിരലുകളാണ്. ചിന്തകൾക്കൊത്ത് എന്നും ചലിച്ച ആ വിരലുകൾ അദ്ദേഹത്തിന്‍റെ ചേതന പറന്നുപോയതുമാത്രം അറിഞ്ഞില്ല എന്നുതോന്നി. ഉറങ്ങാൻ കിടന്നപ്പോഴുള്ളതുപോലെതന്നെ ഇടത് കൈമുട്ടിനുള്ളിൽ നെഞ്ചോട് ചേർന്നിരുന്നു അവ.

      അദ്ദേഹത്തിന്‍റെ സഹോദരൻ എറണാകുളത്തെ ഡോ. പത്മജനെ സ്കൂളിൽ പഠിക്കുന്ന കാലത്ത് ഞാൻ ചികിത്സയ്ക്കായി കണ്ടിരുന്നു. കണങ്കാൽവരെ മുടിയുള്ള ഭാര്യ ഡോ. ജയകുമാരിയെയും കർട്ടന് പിറകില്‍ കണ്ട ഓർമ്മയുണ്ട്. ഡോ. പത്മജനും ഹൃദയസംബന്ധിയായി അകാലത്തിൽ മരണമടഞ്ഞതായി കേട്ടു. പത്മരാജന്‍ തന്‍റെ മരണത്തിന് ഏതാനും നാൾ മുമ്പ് കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ ദർശനം നടത്തിയതായും പറഞ്ഞുകേട്ടു. ഒരുപക്ഷെ, തന്‍റെ സർഗ്ഗചേതന തിരികെ നൽകാനാവാം.

     എന്‍റെ സഹപ്രവർത്തകനായ മറ്റൊരു ഡോക്ടറാണ് പത്മരാജന്‍റെ ജഡപരിശോധന നടത്തിയത്. നിതീഷ് ഭരദ്വാജ് അന്ന് മഹാഭാരതം ടെലി-സീരിയലിലെ കൃഷ്ണനായും ഞാൻ ഗന്ധർവനിലെ ഗന്ധര്‍വനായും സ്ത്രീകളുടെ പ്രിയനടനായി മാറിയിരുന്നു. ഓമനത്തമുള്ള മുഖഭാവങ്ങൾ അദ്ദേഹത്തിന്‍റെ പ്രത്യേകതയായതിനാലാവാം, നഴ്സിങ്  വിദ്യാർത്ഥിനികൾ മോർച്ചറിക്കകത്ത് പാലിക്കേണ്ട ഔചിത്യം മറന്നുകൊണ്ട് അദ്ദേഹത്തെ ആകെ പൊതിഞ്ഞ്, കവിളുകൾ നുള്ളി മുറിവേൽപ്പിച്ചുകളഞ്ഞു. എല്ലാവരെയും ശകാരിച്ച് മാറ്റേണ്ടിവന്നു, പോസ്റ്റ്മോർട്ടം തുടങ്ങാൻ. ആ നേരമൊക്കെ ഞങ്ങൾ പത്മരാജന്‍റെ ജഡത്തിനരികിൽനിന്നു. ഡീനര്‍ മോഹൻദാസ് ബനിയന്‍റെ വലതുചുമൽ മുറിച്ചപ്പോൾ ഞാൻ പുറത്തുകടന്നു.

     പുറത്ത് ഇടനാഴിയിൽ ഭിത്തിചാരി കണ്ണീരടക്കാനാവാതെ നിതീഷ് നിൽപുണ്ടായിരുന്നു. നടൻ സോമൻ കലങ്ങിയ കണ്ണുകളുമായി പുറത്തുവന്ന് എന്നെ നോക്കി. എന്നിട്ട് ചോദിച്ചു: "ഡോക്ടർക്കും എന്നെപ്പോലെ തന്നെ, അല്ലേ? ഈ കാഴ്ച കാണാൻ പറ്റുന്നില്ല അല്ലേ?". അതേയെന്ന് ഞാന്‍ തലയിളക്കി. അതങ്ങനെയാണ്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നേർപരിശോധന (Intimate Examination) പൊതുവേ ഡോക്ടർമാർ നടത്താറില്ല. നിഷ്പക്ഷ നിരീക്ഷണം നടത്താനാവില്ല എന്നതുകൊണ്ടുതന്നെ. കൂടെ നിൽക്കുകയോ റിപ്പോർട്ടുകൾ വായിക്കുകയോ ചെയ്യാറില്ല. തൊഴിൽപരമായ ഒരു നൈതികതയുടെ ഭാഗമാണ് അത്. പക്ഷേ, പത്മരാജൻ എനിക്ക് ആരായിരുന്നു?

     പത്മരാജനെ എനിക്ക് നേരിട്ട് പരിചയമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്‍റെ  കഥകളിലെ കഥാപാത്രങ്ങൾ, അവരുടെ മനോവ്യാപാരങ്ങൾ, സംഭാഷണം തുടങ്ങിയവയേക്കാളേറെ എന്നെ സംബന്ധിച്ചിടത്തോളം മറ്റൊരു പ്രത്യേകതയാണ് കഥാകാരനിൽ ഞാൻ കണ്ടെത്തിയത്. ആ കഥകളുടെ പശ്ചാത്തലം, കുഞ്ഞുങ്ങൾക്ക് കിടന്നുറങ്ങാൻ മാത്രം വലിപ്പമുള്ള ഇലയെന്നോ, കരിയില വീണുമൂടിയ മുറ്റമെന്നോ, വെട്ടിച്ചെറുതാക്കി നിർത്താത്ത ക്രോട്ടണ്‍ ചെടിയെന്നോ ഉള്ള ചെറുസൂചനകളിൽക്കൂടി ഒരു Jumanji കളിയിലെ ഡൈസ് എറിഞ്ഞപോലെ ഭയചകിതയാക്കുന്ന ഒരു പശ്ചാത്തലത്തിലേക്ക് പലപ്പോഴും എന്നെ കൂട്ടിക്കൊണ്ടുപോയി. നിത്യജീവിതത്തിൽ ഒരിക്കലും ഞാൻ കണ്ടിട്ടില്ലാത്തതും എന്നാൽ പകലുറക്കം ഞെട്ടിച്ച പേടിസ്വപ്നങ്ങളിൽക്കൂടി നന്നേ പരിചയമുള്ളതുമായ സ്ഥലങ്ങളിലേക്ക്. അവിടെയൊക്കെ അദ്ദേഹവും നേരിലോ സ്വപ്നത്തിലോ പോയിവന്നിരിക്കണമെന്ന തോന്നൽ.
     വൈദ്യശാസ്ത്രം ഇതിനെ ദേജാവു (Deja vu) എന്ന് പറയുന്നുവെങ്കിലും എന്നെ സംബന്ധിച്ചിടത്തോളം വാസ്തവം തന്നെ. ടി. പി. കിഷോറിന്‍റെ രചനകളും എനിക്ക് ഇതേവിധമാണ് അനുഭവപ്പെട്ടിരുന്നത്.
 
     ഹൃദ്രോഗസംബന്ധിയായ ത്വരിതമരണങ്ങൾ ലോക വ്യാപകമാണ്. പരക്കെ അറിയപ്പെടുന്ന ഹൃദയധമനികളുടെ അടയൽ മൂലമുള്ള ഹൃദ്രോഗം കൂടാതെ, ഹൃദയത്തിന്‍റെ മിടിപ്പിന്‍റെ താളക്രമം, അവയുടെ വ്യവസ്ഥാപിതമായ വൈദ്യുത തരംഗവ്യാപനം(Conduction of Impulse) ഇവയെ ബാധിക്കുന്നതും ത്വരിതമരണത്തിന് ഇടയാക്കുന്നതുമായ നിരവധി രോഗ-അപചയ അവസ്ഥകളുണ്ട്. അതിലൊന്നാണ് ബാന്‍ഗന്‍ഗട്ട്. ഇന്ത്യൻ ഡോക്ടർമാർ ഇതിനെ പൊതുവേ SUNDS (Sudden Unexpected Nocturnal Death Syndrome) എന്നാണ് പറയുന്നത്. Brugada എന്നുപേരായ തരംഗവ്യാപനത്തെ ബാധിക്കുന്നതും ത്വരിതമരണത്തിന് ഇടയാക്കുന്നതും ചിലപ്പോഴെങ്കിലും ECG പരിശോധന വഴി കണ്ടെത്താനാവുന്നതുമായ മറ്റൊരിനമാണ് ഇരുപത് ശതമാനം ത്വരിതമരണത്തിനും കാരണം.
 
      കേരളത്തിലെ പത്രങ്ങളിലൊക്കെ വ്യാപകമായി റിപ്പോർട്ട് വരുന്ന 'കുഴഞ്ഞുവീണു മരിച്ചു' എന്ന സംഭവം Romano Ward Disease എന്നൊരിനം താളഭ്രംശമാണെന്ന് തോന്നുന്നു. സോഡിയം ചാനലോപ്പതി എന്നറിയപ്പെടുന്ന ജനിതക തകരാറുകളാണ് ഈ മരണങ്ങൾക്ക് ആധാരമായി പറയപ്പെടുന്നത്. മിക്കവയും മുൻപരിശോധനയിൽ കണ്ടെത്താനാവാത്തത്. പോസ്റ്റ്മോർട്ടം പരിശോധനയിൽ ഘടനാപരമായ തകരാറൊന്നും ഹൃദയത്തിൽ കണ്ടെത്താനാവില്ലതന്നെ. പരിചയസമ്പന്നരായ വിദഗ്ധർ നടത്തുന്ന വളരെ ശ്രദ്ധാപൂർവ്വമായ പരിശോധനയിൽ കൂടിയേ ഇവയിൽ ചിലതിന്‍റെ ഹൃദയസംബന്ധിയായ തകരാറുകൾ പോസ്റ്റ്മോർട്ടത്തിൽ വെളിപ്പെടുകയുള്ളു. ധാരാളം സമയമെടുത്തുള്ള പരിശോധനയും Histopathology (നേരിയതാക്കിയ ഭാഗങ്ങൾ നിറങ്ങൾ ചേർത്ത് സൂക്ഷ്മദർശിനിയിലൂടെ നോക്കുന്നത്) പരിശോധനയും വേണ്ടിവരും. ഡോ. M. ബലരാമൻ നായരും RCCയിൽ ഉണ്ടായിരുന്ന ഡോ. C C കർത്തായും ആണ് ആദ്യകാലത്ത് എനിക്ക് ഹൃദയത്തിന്‍റെ ഡിസക്ഷൻ പഠിപ്പിച്ചുതന്നത്. ഈ പരിശീലനം പിൽക്കാലത്ത് വളരെയേറെ ഉപകരിച്ചു.
 
     എന്നാൽ ഏറെ അത്ഭുതപ്പെടുത്തിയതും സഹായകമായതും മറ്റുചില കാര്യങ്ങളാണ്. വിവരങ്ങൾ അറിയാനും കൈമാറാനും നമ്മുടെ നാട്ടിലെ ആൾക്കാർ കാണിക്കുന്ന ഔത്സുക്യവും വേദനാജനകമായ സന്ദർഭങ്ങളിലും പരിശോധനാഫലം ഏറ്റുവാങ്ങാനുള്ള പക്വതയും സന്മനസ്സുമാണ് അത്. സത്യസന്ധമായി മരണം വിശകലനം ചെയ്യണമെന്ന അവരുടെ ശാഠ്യം തന്നെയാണ് നിയമത്തിന്‍റെയോ നിയമ-ആഭ്യന്തര വകുപ്പിന്‍റെയോ കാര്യമായ സഹായമൊന്നും ഇല്ലാഞ്ഞിട്ടും ഫോറന്‍സിക് വകുപ്പിനെ നിലനിര്‍ത്തുന്നത്; ദുർഘടങ്ങൾ നേരിട്ടിട്ടും ഈ ജോലിയിൽ തുടരാനും ഇതെഴുതാനും പ്രേരകമായിട്ടുള്ളതും.

 

(പ്രശസ്തഫോറന്‍സിക് വിദഗ്ദ്ധയായ ഡോ.ഷേര്‍ളി വാസു എഴുതി, DC ബുക്സ് പുറത്തിറക്കിയ 'പോസ്റ്റ്മോര്‍ട്ടം ടേബിള്‍' എന്ന കൃതിയില്‍ നിന്നുമെടുത്താണ് ബാന്‍ഗന്‍ഗട്ട് എന്ന ഈയൊരു ഭാഗം ഇവിടെ ചേര്‍ത്തിരിക്കുന്നത്.)    

Tuesday, January 16, 2024

സങ്കീര്‍ത്തനം


 

 

 

 

- കുമാരനാശാന്‍

 

ചന്തമേറിയ പൂവിലും ശബളാബമാം
ശലഭത്തിലും
സന്തതം കരതാരിയന്നൊരു ചിത്ര-
ചാതുരി കാട്ടിയും
ഹന്ത! ചാരുകടാക്ഷമാലകളര്‍ക്ക-
രശ്മിയില്‍ നീട്ടിയും
ചിന്തയാം മണിമന്ദിരത്തില്‍ വിളങ്ങു-
മീശനെ വാഴ്ത്തുവിന്‍!
 
സാരമായ് സകലത്തിലും മതസംഗ്രഹം
ഗ്രഹിയാത്തതായ്
കാരണാന്തരമായ് ജഗത്തിലുയര്‍ന്നു
നിന്നിടുമൊന്നിനെ
സൌരഭോല്‍ക്കടനാഭികൊണ്ടു മൃഗം കണ-
ക്കനുമേയമായ്
ദൂരമാകിലുമാത്മഹാര്‍ദ്ദഗുണാസ്പദത്തെ
നിനയ്ക്കുവിന്‍!
 
നിത്യനായക, നീതിചക്രമതിന്‍-
തിരിച്ചിലിനക്ഷമാം
സത്യമുള്‍ക്കമലത്തിലും സ്ഥിരമായ്‌
വിളങ്ങുക നാവിലും
കൃത്യഭൂ വെടിയാതെയും മടിയാതെയും
കരകോടിയില്‍
പ്രത്യഹം പ്രഥയാര്‍ന്നപാവന കര്‍മ്മ-
ശക്തി കളിക്കുക!
 
സാഹസങ്ങള്‍ തുടര്‍ന്നുടന്‍ സുഖഭാണ്ഡ-
മാശു കവര്‍ന്നുപോം
ദേഹമാനസ ദോഷസന്തതി ദേവ
ദേവ, നശിക്കണേ
സ്നേഹമാം കുളിര്‍പൂനിലാവു പരന്നു
സര്‍വ്വവുമേകമായ്
മോഹമാമിരുള്‍ നീങ്ങി നിന്‍റെ മഹത്വ-
മുള്ളില്‍ വിളങ്ങണേ!
 
ധര്‍മ്മമാം വഴി തന്നില്‍ വന്നണയുന്ന
വൈരികളഞ്ചവേ,
നിര്‍മ്മലദ്യുതിയാര്‍ന്ന നിശ്ചയഖഡ്ഗ-
മേന്തി നടന്നുടന്‍
കര്‍മ്മസീമ കടന്നുപോയ് കളിയാടുവാ-
നരുളേണമേ
ശര്‍മ്മവാരിധിയില്‍ കൃപാകര, ശാന്തിയാം
മണിനൗകയില്‍

 

(കൊല്ലവര്‍ഷം 1905 വൃശ്ചികമാസക്കാലത്ത് ഒരു സംഘത്തിനുവേണ്ടി എഴുതി പ്രതിഭ മാസികയില്‍ പ്രസിദ്ധീകരിച്ച ഈ കവിത ഒരുപാട് വിദ്യാലയങ്ങളില്‍  പ്രാര്‍ത്ഥനാഗാനമായിചൊല്ലിയിരുന്നു. ആശാന്‍റെ, ബാലസാഹിത്യകൃതിയായ പുഷ്പവാടിയില്‍ നിന്നുമെടുത്താണ് ഈ കവിത ഇവിടെ ചേര്‍ത്തിരിക്കുന്നത്.)

കേള്‍ക്കാംആകാശവാണിയ്ക്ക് വേണ്ടി എം ജി രാധാകൃഷ്ണന്‍ ഈണമിട്ട് ജി വേണുഗോപാലും സംഘവും ചൊല്ലിയത്.

കേള്‍ക്കാം, ഈ കവിതയുടെ തുടക്കഭാഗം, 1984ല്‍ പുറത്തിറങ്ങിയ സന്ധ്യക്കെന്തിന് സിന്ദൂരം എന്ന ചിത്രത്തിലെ, ശ്യാം സംഗീതം നിര്‍വഹിച്ച് എസ് ജാനകി പാടിയത്. ഇതിന്‍റെ തുടക്കത്തില്‍ 'ചന്തമേറിന' എന്നാണ് ഉപയോഗിച്ചിരിക്കുന്നത്.   

Sunday, December 31, 2023

അയല്‍വക്കം

 


 

 

  

 

 - വി ഉണ്ണിക്കൃഷ്ണന്‍ നായര്‍

 

ചുറ്റുമിഗൃഹത്തിന്നു കൂറ്റന്‍ കന്മതില്‍ കെട്ടി-

ചെറ്റുമന്യരുമായിട്ടിടപാടില്ലാതാക്കാന്‍

 

ഒട്ടുമേ വെളിച്ചവും കാറ്റുമേല്‍ക്കാതേ തഴു-

തിട്ടു ജാലകങ്ങളും വാതിലും ബന്ധിപ്പിക്കുവാന്‍

 

അത്രമേലവദ്യമോ ബാഹ്യമാനവലോകം

മിത്ര ബാന്ധവഭാവത്തിന്നതെന്തനര്‍ഹമോ?

 

വീശട്ടെ ചതുരന്തമാരുതനെന്‍ തോട്ടത്തില്‍

വൈശദ്യമെന്‍ മുറ്റത്തിനേകട്ടെ ദിവാകരന്‍

 

ദീപ്തമാകട്ടെ താരാപഥത്തില്‍ നിന്നെമ്പാടും

വ്യാപ്തമാം പ്രകാശത്താലെന്‍റെ വീടെല്ലാടവും.

 

കൈവിളക്കിലെച്ചെറു നാളത്തിനെളുതല്ല

ജീവിതസന്ധാരണോചിതമാമൊളി തൂകാന്‍.

 

പനിനീര്‍പ്പൂവിന്മണമേറ്റുകൊണ്ടയല്‍ വീട്ടിന്‍

വനിയ്ക്കകം പെരുമാറിടും ചെറുതെന്നല്‍

 

അനിയന്ത്രിതമിങ്ങും വന്നു മാലതീപ്രതാ-

നിനിയെപ്പുണരട്ടെ സമഭാവനയോടെ.

 

നിതരാം നിര്‍ല്ലേപനാമജഗല്‍പ്പ്രാണന്‍ തൊട്ടാല്‍

ക്ഷതമേല്‍ക്കുകയില്ല സൗമനസ്യത്തിന്നൊട്ടും.

 

നൈമിശാരണ്യത്തിലെപ്പൂര്‍വ്വ താപസര്‍ കണ്ട

ഭൂമിയിലല്ലല്ലോ നാം നാള്‍ കഴിക്കുവതിപ്പോള്‍.

 

അന്നത്തെ ലോകം ജംബുദ്വീപ ഭാരതവര്‍ഷം

ഇന്നതിന്‍ പരിധി സപ്താര്‍ണ്ണവ തീരത്തോളം.

 

ഭൂവലയത്തിന്‍ വ്യാസമത്രമേല്‍ വര്‍ദ്ധിക്കിലും

കേവലമയല്‍വക്കക്കാര്‍ നമുക്കെല്ലാവരും.


മുഖമെവിടെ?


 

 

 

 

 

 

- വിഷ്ണു നാരായണന്‍ നമ്പൂതിരി

 

 

ചിത്രം:

"മുഖമെവിടെ?"- ഞാന്‍ പകച്ചു ചോദിപ്പൂ:

മുനി പോല്‍ മൂകനായിരിപ്പൂ ചങ്ങാതി.

പനയന്നാര്‍ കാവിലെഴുന്നള്ളത്തിന്‍റെ

പടമെന്നോര്‍ത്തീയാള്‍ വരച്ച ചിത്രത്തില്‍

കൊടിയു,ണ്ടാനകള്‍, കുടതഴകളും,

കടുനിറം ചുറ്റിപ്പുരുഷാരങ്ങളും,

ഒരുത്തനുമെന്നാല്‍ മുഖമില്ലീ, വിദ്വാന്‍

മുഴുപ്പിരിയനോ, മഹാവേദാന്തിയോ?

 

 

ജാഥ:

ഇതെന്തതിശയം! പകലറുതിയില്‍

ഇളവേറ്റു പടിപ്പുരയില്‍ ഞാന്‍ നില്‍ക്കെ

ഒരു മഹാജാഥ കടന്നുപോയെന്നെ:

ശരായിയും കളസവുമണിഞ്ഞവര്‍

കമനീയമായ തലപ്പാവുള്ളവര്‍,

കഴല്‍വെയ്പില്‍ക്കടുക്കണിശമുള്ളവര്‍,

അവര്‍ നേതാക്കന്മാര്‍ നിമന്ത്രിപ്പൂ തമ്മില്‍-

""എവിടെ നിന്മുഖം?", "എവിടെ നിന്‍മുഖം?"

 

 

 ഛായ:

ഉരുകുമെണ്ണയില്‍പ്പിടയും പാറ്റ പോല്‍

ഉഴലുമിപ്പാവം മഹാജനത്തോടു-

സഹതാപത്തിന്‍റെയുറവു വിങ്ങുമെ-

ന്നുയിരിന്നാഴത്തിലുരുളു പൊട്ടവേ,

മിഴിനീരൊപ്പാന്‍ ഞാനുയര്‍ത്ത കൈലേസ്സില്‍

തടയുന്നീലൊന്നും: ഇതെന്തു ശൂന്യത!

പിടഞ്ഞന്ധാളിച്ചു, വിറച്ച ഞാന്‍ മണി-

യറയില്‍പ്പാഞ്ഞെത്തിച്ചുമര്‍ക്കണ്ണാടിയില്‍

ഒരു നോക്കേ നോക്കീ;- എനിക്കും കോളറിന്‍

മുകളിലെന്തയ്യോ! മുഖമൊന്നില്ലെന്നോ?                                                                            

നാന്ദി


 
 
 
 
 
 
 
 
 
 
     പുത്തനായിട്ട് ഒരു മാസിക തുടങ്ങുമ്പോള്‍ പേരെടുത്ത ആംഗലമാസികകളില്‍ ഏതെങ്കിലും ഒന്നിനെ ചൂണ്ടിക്കൊണ്ട് 'ആ മാതൃകയില്‍ ഇതാ ഞങ്ങളും ഒന്നുതുടങ്ങുന്നു' എന്ന് പറയുന്ന ഒരു പതിവ് നമ്മുടെ നാട്ടില്‍ സാധാരണയായിട്ടുണ്ട്. അങ്ങനെ, മോഡേണ്‍ റിവ്യൂ-വിന്‍റെയും ഇന്ത്യന്‍ റിവ്യൂ-വിന്‍റെയും ഒക്കെ മാതൃക പിടിച്ച് ആരംഭിച്ച മലയാളമാസികകള്‍ എല്ലാവരും ധാരാളം കണ്ടിട്ടുണ്ടാകും. പക്ഷെ നമ്മുടെ ഭാഗ്യദോഷമെന്ന് വിചാരിച്ചാല്‍ മതി; കാലം അധികം ചെല്ലാതെ തന്നെ മാതൃകയും പോയി മാസികയും പോയി എന്നായിത്തീര്‍ന്നു കലാശം.
 
     അതുകൊണ്ട് ഇന്ന് ആരെങ്കിലും ആ പഴയ ചിട്ടയില്‍ 'ഞങ്ങള്‍ മാസിക തുടങ്ങാന്‍ പോകുന്നു' എന്നൊക്കെ പറഞ്ഞാല്‍ അത് വായനക്കാരില്‍ ഒരു അല്‍പഹാസം മാത്രമേ ഉളവാക്കൂ. എങ്കിലും ആ മട്ടില്‍ ഒരു പ്രസ്താവന ചെയ്യാന്‍ ഞങ്ങള്‍ മുതിരുന്നു. അതൊരു ബലഹീനത തന്നെയാണെന്ന് വയ്ക്കുക. എന്നാലും പറയട്ടെ, ടൈംസ്‌ ലിറ്റററി സപ്ലിമെന്‍റ് എന്നൊരു വാരികയുണ്ടല്ലോ, ലണ്ടന്‍ ടൈംസ്‌-ന്‍റെ ഒരു അനുബന്ധമെന്ന നിലയ്ക്ക്. അത്തരത്തിലൊന്നാണ് ഞങ്ങളുടെ ധ്യാനത്തിലിരിക്കുന്ന രൂപം.
 
     ഇപ്പോള്‍ ടൈംസ്‌-ന്‍റെ ആ വാരിക കണ്ടിട്ടുള്ളവര്‍ വിചാരിക്കുകയാണ് - 'ഓഹോ, ഗ്രന്ഥനിരൂപണം മാത്രമുള്ള ഒരു മാസിക, അല്ലേ?'. അല്ല, അതുമാത്രമല്ല, ഗ്രന്ഥനിരൂപണങ്ങള്‍ ഉണ്ട്. എന്നാലും അതുകൊണ്ടുമാത്രം ഒരു മലയാള മാസികയ്ക്ക് കഴിഞ്ഞുകൂടാനൊത്തുവെന്ന് വരികയില്ല.  ഒന്നാമത്, അത്ര വളരെ ഗ്രന്ഥങ്ങൾ മലയാളത്തിൽ മാസാമാസം ഉണ്ടാകുന്നില്ല. രണ്ടാമത്, ഭിന്നരുചികളായ വായനക്കാരെ രസിപ്പിക്കുക എന്നത് ഒരാവശ്യവുമാണ്. അതുകൊണ്ട് മലയാളഗ്രന്ഥങ്ങളുടെ നിരൂപണങ്ങൾക്കു പുറമേ ഇംഗ്ലീഷ് ഗ്രന്ഥങ്ങളെപ്പറ്റിയുള്ള ലഘുചർച്ചകൾ, ചിരപ്രതിഷ്ഠിതങ്ങളായ വിശ്വസാഹിത്യ കൃതികളെപ്പറ്റിയുള്ള വിസ്തൃതമായ പഠനങ്ങൾ ഇങ്ങനെ പലതും ഞങ്ങൾ ഉദ്ദേശിക്കുന്നു. പിന്നെ നിങ്ങൾക്കു സുപരിചിതരും ഈഷല്‍ പരിചിതരും ആയ വിദേശീയ സാഹിത്യകാരന്മാരെപ്പറ്റിയുള്ള ലേഖനങ്ങളും മുറയ്ക്ക് ഉണ്ടായിരിക്കും. ഈ മട്ടില്‍ ഗ്രന്ഥനിരൂപണത്തിന് പ്രാമുഖ്യം കൊടുത്തു കൊണ്ട് ഒരു മാസിക, കേരള ഗ്രന്ഥാലയ സംഘത്തിന്‍റെ മേൽനോട്ടത്തിലും എം.ആർ.കെ.സി-യുടെ (സി കുഞ്ഞുരാമ മേനവൻ) ചുമതലയിലും ഒരിക്കൽ നടത്തിത്തുടങ്ങിയതാണ്. പക്ഷേ ഒരു ലക്ഷത്തിലധികം അത് മുന്നോട്ടു പോയിട്ടില്ല എന്നാണ് ഓർമ്മ.
 
     ഈ മാസികയിൽ സഹജീവികൾ പ്രസിദ്ധപ്പെടുത്തിക്കഴിഞ്ഞ ചില ലേഖനങ്ങളുടെ തർജ്ജമകളും സംഗ്രഹങ്ങളും ചേർത്തിട്ടുണ്ട്. തുടരെ ചേർക്കാൻ ഉദ്ദേശിക്കുന്നുമുണ്ട്. അതെന്തിന് എന്നാണെങ്കിൽ, പറയാം. മനുഷ്യർക്ക് പൊതുവേ വിശ്രമം കുറഞ്ഞും തിരക്കുകൾ കൂടിയും വരുന്ന ഒരു കാലമാണല്ലോ ഇത്. മാസികകളുടെ എണ്ണമാണെങ്കിൽ വളരെ വർദ്ധിച്ചുമിരിക്കുന്നു. ഈ പരിതസ്ഥിതിയിൽ കാണേണ്ടതെല്ലാം ഒരാൾ കാണുമെന്നോ കണ്ടാൽ തന്നെയും എല്ലാം വായിക്കുമെന്നോ ഒന്നും നാം പ്രതീക്ഷിച്ചുകൂടാ. അതുകൊണ്ട് സാരഗ്രാഹികളായ വായനക്കാർക്ക് ഒരെണ്ണത്തിന്‍റെ പാരായണം കൊണ്ട് കിട്ടാവുന്നത്ര ഗുണം കിട്ടട്ടെ എന്നാണ് ഞങ്ങളുടെ ആഗ്രഹം.
 
    
ഈ മാസിക ഗ്രന്ഥശാലാസംഘത്തിന്‍റെ മുഖപത്രമാണെന്ന് പൊതുജനങ്ങൾ ഇതിനകം ധരിച്ചിരിക്കുമല്ലോ. അതുകൊണ്ട് ഗ്രന്ഥശാലാ കാര്യങ്ങൾക്ക് ഇതിൽ വിശേഷാൽ സ്ഥാനം ഉണ്ടായിരിക്കും. തന്നെയുമല്ല, ഗ്രന്ഥാലയക്കാർക്ക് ഇതൊരു നിർദ്ദേശിക കൂടിയായിരിക്കും; പുസ്തകങ്ങൾ തിരഞ്ഞെടുക്കുന്നതിലുൾപ്പെടെ എല്ലാ കാര്യങ്ങളിലും.
 
     ചുരുക്കത്തിൽ നന്നായി നടത്തണമെന്ന് തന്നെയാണ് ഞങ്ങളുടെ ആഗ്രഹം. അതിന് സഹൃദയ ലോകത്തിന്‍റെ പിന്തുണ ഉണ്ടായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു.

 

(ഗ്രന്ഥാലോകം മാസികയുടെ ആദ്യത്തെ മുഖപ്രസംഗമാണ് ഇത്. മാസികയുടെ ആദ്യ പത്രാധിപനായിരുന്ന എസ് ഗുപ്തൻ നായർ 1949 ഓഗസ്റ്റ്-സെപ്റ്റംബര്‍ കാലത്താണ്  എഴുതിയിരിക്കുന്നത്. ഗ്രന്ഥാലോകം മാസികയുടെ 2018 ഡിസംബര്‍ ലക്കത്തിലെ, ചരിത്രപഥം എന്ന ഭാഗത്ത് നിന്നുമെടുത്താണ് ഈ മുഖപ്രസംഗം ഇവിടെ ചേര്‍ത്തിരിക്കുന്നത്.)

Saturday, December 30, 2023

മണ്‍തരി


 
 
 
 
 
 
 
 
 
 
 
എന്‍ തങ്കക്കുഞ്ഞിളം കൈവിരലാലൊരു
മണ്‍തരി നുള്ളിയെന്‍ കൈയില്‍ വച്ചു.
 
ചന്തം തിരളുമാച്ചെങ്കവിള്‍ ചുംബിച്ചാ-
നന്തിക്കതിരോനുമെന്നെപ്പോലെ.
 
കുട്ടി തന്‍ സമ്മാനം ദൃഷ്ട്യാ നുകര്‍ന്നതി-
ലൊട്ടിടയ്ക്കച്ഛനും കുട്ടിയായ്പ്പോയ്.
 
ആരെയും കൊച്ചുകിടാങ്ങളെപ്പോലാക്കാന്‍
പോരുമിന്നേതു പരമാണുവും.
 
ഭൂമണ്ഡലത്തിനെക്കൊഞ്ചിപ്പറയുന്നി-
തീ മഞ്ജുരൂപത്തിലീ മണ്‍തരി.
 
നമ്മെപ്പോലെത്രയോ ജീവികളുണ്ടാവാം
കര്‍മ്മത്താല്‍ കൈയ് നൊന്തുകൊണ്ടിതിലും.
 
അല്ലെങ്കിലംബരചാരിതന്‍ നക്ഷത്ര-
മല്ലിതോരോന്നുമെന്നാര്‍ക്കറിയാം?
 
അന്യസൗരഗ്രഹ മണ്ഡലമൊന്നിതി-
ലന്തര്‍ഭവിച്ചിട്ടുണ്ടെന്നും വരാം.
 
പപ്പടപ്രായമാര്‍ന്നേതിനോ പൂര്‍ണ്ണത-
യ്ക്കണ്ണിനൊക്കെച്ചെറുതു തന്നെ.
 
പാരിനിപ്പൈതങ്ങള്‍ തന്‍ കഴല്‍ തട്ടുമ്പോള്‍-
ക്കോരിത്തരിപ്പതോ മണ്‍തരികള്‍?
 
അപ്പരാശക്തി തന്‍ വാത്സല്യവായ്‌പ്പിനെ
തപ്പിക്കുറിച്ചിടുമക്ഷരങ്ങള്‍
 
ബ്രഹ്മാണ്ഡകോടിയെക്കൂടി വിളക്കിടും
നിര്‍മ്മാതാവിന്‍റെ പശപ്പൊടികള്‍.
 
കാരണരൂപത്തിന്‍ നല്‍പ്രതിബിംബത്തെ-
ക്കാണിക്കും കണ്ണാടിച്ചില്‍ത്തരികള്‍.
 
എമ്മട്ടു നിങ്ങളെത്തൊട്ടു തലോടേണ്ടു
ചുമ്മാ വലുതായ മല്‍ക്കരങ്ങള്‍?
 
അല്ലെങ്കിലേതൊരു മണ്‍തരിക്കുള്ളിലു-
മില്ലാഞ്ഞതൊന്നുമില്ലെങ്ങുമെങ്കില്‍
 
ഈയൊരു കാല്‍ക്ഷണത്തിങ്കലൊതുങ്ങാതെ-
യില്ലൊരു കാലാന്തരവുമെങ്കില്‍
 
ഇപ്പരമാണുവും ബ്രഹ്മാണ്ഡമൊക്കെയു-
മെപ്പോഴുമിങ്ങു ഞാന്‍ പുല്‍കി നില്‍പ്പൂ.

Friday, December 29, 2023

ദീര്‍ഘയാത്ര


 
 
 
 
 
 
 
 
 
അഴലിന്‍ കരിനിറം പൂണ്ട മണ്ണില്‍
നിഴലിച്ചോരാനന്ദമെന്‍റെ ജീവന്‍.
 
കൃതിയും നിയതിയുമെന്‍റെ കൈകള്‍;
അതുരണ്ടും വീശി നടക്കുമീ ഞാന്‍.

വഴിയിലുഷസ്സിന്‍റെ പൊന്നിന്‍കിണ്ണം
വഴിയുമാ മുന്തിരിച്ചാറു മോന്തും.
 
അഴകിയ താരങ്ങള്‍ തങ്ങുമല്ലിന്‍
വഴിയമ്പലത്തില്‍ക്കിടന്നുറങ്ങും.
 
എഴുന്നേ,റ്റടഞ്ഞ മിഴി തുറന്നാല്‍
പഴയ പടിക്കേ നടക്കും പിന്നെ.
 
മറവിതന്‍ മാറാപ്പെടുപ്പാന്‍ മാത്രം
മറവിയുണ്ടായിട്ടില്ലിത്ര നാളും.
 
അവസാനമെന്നെന്‍റെ ദീര്‍ഘയാത്ര-
യ്ക്കെവിടെച്ചെന്നെത്തും ഞാ,നാര്‍ക്കറിയാം?
 
(ശൂരനാട്ടു കുഞ്ഞന്‍പിള്ള തയ്യാറാക്കിയ മലയാളകവിതകളുടെ സമാഹാരമായ മലയാള കാവ്യരത്നാകാരം എന്ന കൃതിയില്‍നിന്നുമെടുത്താണ് ഈ ചെറുകവിത ഇവിടെ ചേര്‍ത്തിരിക്കുന്നത്. സാഹിത്യ അക്കാദമിയാണ് ഈ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.)