- ഓസ്കര്‍ വൈല്‍ഡ് / ഈശ്വരന്‍ നമ്പൂതിരി എച്ച്
എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ, സ്‌കൂൾ വിട്ട് വരുന്നവഴി, ആ കുട്ടികൾ ഭൂതത്തിന്‍റെ ഉദ്യാനത്തിൽ കളിക്കാൻ പോവുക പതിവായിരുന്നു.
ഇളംപച്ചപ്പുല്ലു വിരിച്ച, മനോഹരമായൊരു വലിയ ഉദ്യാനമായിരുന്നു അത്. മാനത്തെ താരങ്ങളെപ്പോലെ പുല്ലിനു മുകളിൽ അവിടെയുമിവിടെയും ഉയർന്നുനില്‍ക്കുന്ന മനോഹരമായ പുഷ്‌പങ്ങൾ. അതു കൂടാതെ പന്ത്രണ്ട് പീച്ച് മരങ്ങളും അവിടെ ഉണ്ടായിരുന്നു. വസന്തകാലത്ത് അവയിൽ ഇളം ചുവപ്പും വെളുപ്പും നിറങ്ങളിലുള്ള കോമള കുസുമങ്ങൾ വിടർന്നിരുന്നു. ശരത്കാലത്ത് ഇവ പഴങ്ങളാൽ സമൃദ്ധമായിരുന്നു. മരക്കൊമ്പിലിരുന്നു മനോഹരമായി പാടുന്ന കിളികൾ. അതു കേൾക്കവേ കുട്ടികൾ കളിനിർത്തി ആ പാട്ടിൽ മുഴുകുന്നതും പതിവായിരുന്നു. അത്ര മനോഹരമായിരുന്നു അവയുടെ കൂജനം.
"നമുക്കിവിടെ എന്തൊരാനന്ദമാണ്!" കുട്ടികൾ ആർത്തുവിളിച്ചുല്ലസിച്ചു.
ഒരുനാൾ ഭൂതം തിരിച്ചെത്തി. അവൻ തന്‍റെ സുഹൃത്തും നരഭോജിയുമായ കോർണിഷിനെ സന്ദർശിക്കാൻ പോയതായിരുന്നു. എന്നിട്ട് അവനോടൊപ്പം നീണ്ട ഏഴു വർഷം ചെലവഴിച്ചു. ഏഴു വർഷം കഴിഞ്ഞപ്പോഴാണ് വളരെ മിതഭാഷിയായ ഭൂതം, തനിക്കു പറയാനുള്ളതെല്ലാം പറഞ്ഞുകഴിഞ്ഞത്. അപ്പോൾ അവൻ തന്‍റെ കൊട്ടാരത്തിലേക്കു മടങ്ങാൻ നിശ്ചയിച്ചു. അവൻ തിരിച്ചെത്തിയപ്പോൾ കുട്ടികൾ തന്‍റെ ഉദ്യാനത്തിൽ കയറി കളിക്കുന്നതാണ് കണ്ടത്.
"നിങ്ങളിവിടെ എന്തെടുക്കുന്നു?" - കാർക്കശ്യം നിറഞ്ഞ സ്വരത്തിൽ അയാൾ അലറി. പേടിച്ചരണ്ട കുട്ടികൾ ഓടിയകന്നു.
"എന്‍റെ ഉദ്യാനം എനിക്കുമാത്രം സ്വന്തമാണ്." - ഭൂതം പറഞ്ഞു - "ആർക്കുമത് മനസ്സിലാകും. ഞാനാരെയും ഇതിനുള്ളിൽ കളിക്കാൻ അനുവദിക്കില്ല. ഇതെന്‍റെ മാത്രമാണ്."
അതുകൊണ്ട് ഭൂതം തന്‍റെ ഉദ്യാനത്തിനുചുറ്റും വലിയൊരു മതിൽ കെട്ടിയുയർത്തി, എന്നിട്ടൊരു മുന്നറിയിപ്പും എഴുതി പ്രദർശിപ്പിച്ചു:
'അതിക്രമിച്ചു കടക്കുന്നവർ ശിക്ഷിക്കപ്പെടും'
അത് തീർത്തും സ്വാര്‍ത്ഥനായൊരു ഭൂതമായിരുന്നു.
ആ പാവം കുട്ടികൾ! അവർക്കിപ്പോൾ കളിക്കാനിടമില്ലാതായി. അവർ തെരുവിൽ കളിക്കാൻ ശ്രമിച്ചു. എന്നാലവിടം മുഴുവൻ പൊടിയും കൂർത്ത കല്ലുകളുമായിരുന്നു. അതുകൊണ്ട് അവർക്കവിടം ഇഷ്‌ടപ്പെട്ടില്ല. പഠനം കഴിഞ്ഞുവരുമ്പോൾ മതിലിനുള്ളിലെ മനോഹരമായ ഉദ്യാനത്തെപ്പറ്റി സംസാരിച്ചുകൊണ്ട് അവരതിനുചുറ്റും പതിവായി നടക്കാറുണ്ട്.
"നമുക്ക് ഇതിനുള്ളിൽ എന്തൊരു ആഹ്ളാദമായിരുന്നു!' - അവർ പരസ്പരം പറഞ്ഞു.
അങ്ങനിരിക്കെ വസന്തകാലമെത്തി. നാട്ടിലെങ്ങും പൂക്കളും കുരുവികളും ആയി. എന്നാൽ സ്വാര്‍ത്ഥനായ ഭൂതത്തിന്‍റെ ഉദ്യാനത്തിൽ മാത്രം കാപ്പാട്ടും ശിശിരകാലം തന്നെയായിരുന്നു. കുട്ടികളെത്താത്ത ആ ഉദ്യാനത്തിൽ പാടാൻ കിളികൾ മെനക്കെട്ടില്ല; കൂടാതെ മരങ്ങള്‍ പൂക്കാനും മറന്നുപോയി. ഒരിക്കലൊരു സുന്ദരിയായ പൂവ് പുല്ലുകൾക്കിടയിൽ നിന്നും തന്‍റെ തല പുറത്തുനീട്ടി നോക്കി. എന്നാൽ അവിടെ പതിപ്പിച്ചിരിക്കുന്ന മുന്നറിയിപ്പുകണ്ട ആ പൂവ്, കുട്ടികളെയോർത്ത് ദുഃഖിക്കുകയും തിരിച്ചു മണ്ണിലേക്കു തലതാഴ്ത്തി നിദ്രയിലേക്ക് മടങ്ങുകയും ചെയ്‌തു. ആ സമയത്തും സന്തോഷിച്ചിരുന്നവർ രണ്ടു പേരേ ഉണ്ടായിരുന്നുള്ളൂ - മഞ്ഞും ശൈത്യവും.
"വസന്തം ഈ പൂന്തോട്ടത്തെ മറന്നിരിക്കുന്നു." - അവർ സന്തോഷം പ്രകടിപ്പിച്ചു. - "ഇനി നമുക്കു വർഷം മുഴുവൻ ഇവിടെ കഴിയാം." - മഞ്ഞ്, അവളുടെ വലിയ വെളുത്ത മേലങ്കികൊണ്ട് പുല്ലു മുഴുവൻ മൂടി. അതേസമയം ശൈത്യം മരങ്ങളെ മുഴുവൻ വെള്ളിയണിയിച്ചു. അവർ പിന്നീട് വടക്കൻ കാറ്റിനെക്കൂടി തങ്ങളോടൊപ്പം കൂടാൻ വിളിച്ചു. ക്ഷണം സ്വീകരിച്ച് അവനെത്തി. രോമക്കുപ്പായത്തിൽ പൊതിഞ്ഞെത്തിയ അവൻ പകൽ മുഴുവൻ ഉദ്യാനത്തിലുടനീളം അലറിവിളിച്ചു നടന്നു, ചിമ്മിനിക്കുഴലുകളെ കാറ്റടിച്ച് താഴെ വീഴ്ത്തി. "ഇതൊരു നല്ല സ്ഥലംതന്നെ." - അവൻ പറഞ്ഞു, "നമുക്ക് ആലിപ്പഴം പൊഴിക്കുന്ന കാറ്റിനെക്കൂടി വിളിക്കാം." അങ്ങനെ ആലിപ്പഴക്കാറ്റും അവിടെത്തി. കൊട്ടാരത്തിന്‍റെ മേല്‍ക്കൂരയിലേക്ക് കനത്ത ആലിപ്പഴവൃഷ്ടി നടത്തിക്കൊണ്ട് ദിവസവും മൂന്നു മണിക്കൂർ അവനവിടെ തകർത്താടി. കൊട്ടാരത്തിന്‍റെ ഓടുകൾ മിക്കവാറും തകർന്നുകഴിഞ്ഞപ്പോൾ അവൻ ഉദ്യാനത്തിനുചുറ്റും കഴിയുന്നത്ര വേഗത്തിൽ വീശാൻ തുടങ്ങി. നരച്ച വേഷം ധരിച്ച അവന്‍റെ ശ്വാസം മഞ്ഞുപോലെ തണുത്തതായിരുന്നു.
"വസന്തം വന്നെത്താൻ ഇത്ര താമസിക്കുന്നതെന്താണ്? ഇത് എനിക്ക് മനസ്സിലാകുന്നില്ല." - ജനാലയ്ക്കരികിലിരുന്ന്, പുറത്തെ തണുത്തുറഞ്ഞ വെളുത്ത ഉദ്യാനത്തിലേക്കുനോക്കി സ്വാര്‍ത്ഥനായ ഭൂതം അത്ഭുതപ്പെട്ടു - "ഈ കാലാവസ്ഥയ്ക്ക് എന്നെങ്കിലുമൊരു വ്യത്യാസമുണ്ടാകുമായിരിക്കും."
എന്നാൽ വസന്തമൊരിക്കലും അവിടെ വന്നില്ല; അതുപോലെതന്നെ വേനലും. ശരത്കാലമെത്തി എല്ലാ ഉദ്യാനങ്ങൾക്കും സുവർണഫലങ്ങൾ നല്‍കിയപ്പോഴും അവൾ സ്വാര്‍ത്ഥനായ ഭൂതത്തിനുമാത്രം ഒന്നും നല്‍കിയില്ല. "അവൻ അത്യധികം സ്വാർഥനാണ്." - അവൾ പറഞ്ഞു.
അങ്ങനെ അവിടെപ്പോഴും തണുപ്പുകാലം തുടർന്നു. മരങ്ങൾക്കിടയിൽ വടക്കൻകാറ്റും ആലിപ്പഴക്കാറ്റും മഞ്ഞും ശൈത്യവും എല്ലായ്പ്പോഴും അവരുടെ നൃത്തം തുടർന്നുകൊണ്ടിരുന്നു.
ഒരു പ്രഭാതത്തിൽ കട്ടിലിൽ ഉണർന്നു കിടക്കുകയായിരുന്ന ഭൂതം മനോഹരമായൊരു പാട്ടു കേൾക്കാനിടയായി. അവന്‍റെ കാതുകൾക്ക് അതിമധുരമായിത്തീർന്ന ആ ഗീതം, അതുവഴി കടന്നുപോയ രാജകീയ സംഗീതജ്ഞർ ആലപിച്ചതാണ് എന്ന് അവൻ വിചാരിച്ചു. വാസ്തവത്തിൽ അവന്‍റെ ജനലിന് പുറത്തിരുന്നു പാടിക്കൊണ്ടിരുന്ന ഒരു ലിനറ്റ് കിളി ആയിരുന്നു അത്. എന്നാൽ ആ ഉദ്യാനത്തിലൊരു കിളി പാടുന്നതു കേട്ടിട്ട് വളരെക്കാലമായതിനാൽ ഭൂതത്തിന് അത് ലോകത്തിലെ ഏറ്റവും മികച്ച സംഗീതമായി തോന്നി. ഭൂതത്തിന്‍റെ തലയ്ക്കു മുകളിൽ നൃത്തം ചവിട്ടിക്കൊണ്ടിരുന്ന ആലിപ്പഴക്കാറ്റ് ഉടൻ തന്നെ നിശ്ചലമായി; വടക്കൻകാറ്റ് തന്‍റെ അലർച്ച നിർത്തി; അതോടൊപ്പം പാതി തുറന്ന കിളിവാതിലിലൂടെ ഒരു സുഗന്ധം ഉള്ളിൽ പരന്നു. "ഒടുവിൽ വസന്തം വന്നെത്തിക്കഴിഞ്ഞുവെന്ന് എനിക്ക് തോന്നുന്നു." - ഭൂതം പറഞ്ഞു. അവൻ കട്ടിലിൽ നിന്ന് ചാടിയെഴുന്നേറ്റ് പുറത്തേക്കു നോക്കി.
അപ്പോൾ കണ്ടതോ?
അത്യാശ്ചര്യകരമായൊരു ദൃശ്യമായിരുന്നു അവൻ കണ്ടത്. മതിലിൽ ഒരു ചെറിയ പൊത്തിൽക്കൂടി കുട്ടികൾ ഉദ്യാനത്തിലേക്കു നുഴഞ്ഞുകയറിയിരിക്കുന്നു. മരക്കൊമ്പുകളിൽ കയറിയിരിക്കുകയാണവർ. ഭൂതത്തിന് കാണാവുന്ന എല്ലാ മരത്തിലും ഒരു കൊച്ചുകുട്ടിയെങ്കിലുമുണ്ട്. കുട്ടികൾ തിരിച്ചെത്തിയതിൽ സന്തുഷ്‌ടരായ മരങ്ങൾ സ്വയം വസന്തം വിരിയിച്ച് പൂക്കളാൽ മൂടപ്പെട്ടിരിക്കുന്നു. അവർ കുട്ടികളുടെ തലയ്ക്ക് മുകളില്‍ കൈകൾ വീശിനില്‍ക്കുന്നു. ആഹ്ളാദകൂജനങ്ങൾ മുഴക്കി കിളികൾ പറന്നു നടക്കുന്നു. പുല്ലുകൾക്കിടയിലൂടെ തലപൊക്കി നോക്കുന്ന പൂക്കൾ പുഞ്ചിരിച്ചുകൊണ്ട് നില്‍ക്കുന്നു. അതൊരു രമണീയമായ ദൃശ്യമായിരുന്നു.
എന്നാൽ അപ്പോഴും ഉദ്യാനത്തിന്‍റെ ഒരു ഭാഗത്ത്, ഏറ്റവും അങ്ങേയറ്റത്തു മാത്രം, അപ്പോഴും ശൈത്യമായിരുന്നു. അവിടെ ഒരു കൊച്ചുകുഞ്ഞും നില്‍പ്പുണ്ട്. മരക്കൊമ്പിൽ പിടിച്ചുകയറാനാകാത്തത്ര ചെറുതായിരുന്നു ആ കുട്ടി. കരഞ്ഞുകൊണ്ട് അവനവിടെ അലക്ഷ്യമായി നടക്കുകയാണ്. അവിടത്തെ പാവം മരമാകട്ടെ ഇപ്പോഴും മഞ്ഞുകൊണ്ടു മൂടപ്പെട്ടിരിക്കുന്നു. ശൈത്യവും വടക്കൻകാറ്റും ഇപ്പോഴുമവിടെ ചുറ്റിക്കറങ്ങുന്നു. "കയറൂ, മുകളിലേക്ക് ചാടിക്കയറൂ കുഞ്ഞേ." - മരം പറഞ്ഞു. അതിന്‍റെ ശാഖകൾ ആകാവുന്നത്ര താഴേക്കു വളച്ചു. പക്ഷേ, ആ കുട്ടി തീരെ ചെറുതായിരുന്നു.
പുറത്തേക്കു നോക്കിനിന്ന ഭൂതത്തിന്‍റെ മനസ്സലിഞ്ഞു. "ഞാനെത്ര സ്വാര്‍ത്ഥനായിരുന്നു!" - അവൻ പറഞ്ഞു - "വസന്തം ഇത്രയും കാലം എത്താതിരുന്നത് എന്തുകൊണ്ടാണെന്ന് ഇപ്പോഴെനിക്കു മനസ്സിലായി. ഞാനാ കുട്ടിയെ മരത്തിൽ കയറ്റിയിരുത്തും. എന്നിട്ട് ആ മതിലിടിച്ച് തകർക്കും. എന്‍റെ ഉദ്യാനം ഇനിയെന്നും കുട്ടികളുടെ കളിസ്ഥലമായിരിക്കും." - അവന് താൻ ചെയ്തതിലെല്ലാം അത്യധികം ദുഃഖം തോന്നി.
അവൻ താഴേക്കു പടികളിറങ്ങി, മുൻവാതിൽ പതുക്കെത്തുറന്ന് ഉദ്യാനത്തിലേക്കു കടന്നു. എന്നാൽ, അവനെക്കണ്ട് പേടിച്ചരണ്ട കുട്ടികൾ ഓടിരക്ഷപ്പെട്ടു. ഉദ്യാനം വീണ്ടും മഞ്ഞുകാലത്തിന്‍റെ പിടിയിലായി. ഉദ്യാനത്തിന്‍റെ അങ്ങേയറ്റത്തുനിന്നിരുന്ന കൊച്ചുകുട്ടി മാത്രമേ ഓടാതിരുന്നുള്ളൂ. അവന്‍റെ കണ്ണുകൾ കണ്ണീരാൽ നിറഞ്ഞിരുന്നതിനാൽ ഭൂതം വരുന്നത് അവൻ കണ്ടിരുന്നില്ല. അവന്‍റെ പിന്നിലേക്ക് പതുങ്ങിയെത്തിയ ഭൂതം അവനെ സാവധാനം കൈയിലെടുത്ത് മരത്തിന് മുകളിലിരുത്തി. ഉടനെതന്നെ മരം പൂക്കൾ വിടർത്തി; പക്ഷികൾ പാട്ടുപാടിക്കൊണ്ടു വന്നെത്തി; ആ കൊച്ചുകുട്ടി കൈകൾ വിരിച്ച് ഭൂതത്തിന്‍റെ കഴുത്തിൽ കെട്ടിപ്പിടിച്ച് ഉമ്മ നല്‍കി. ഇതു കണ്ട മറ്റു കുട്ടികൾ, ഭൂതം ഇപ്പോളൊരു ക്രൂരനല്ലെന്ന് മനസ്സിലാക്കി ഓടിത്തിരിച്ചെത്തി. അവര്‍ക്കൊപ്പം വസന്തകാലവും തിരികെയെത്തി.
"കുഞ്ഞുങ്ങളേ, ഇനിമുതൽ ഇത് നിങ്ങളുടെ ഉദ്യാനമാണ്." - ഭൂതം പറഞ്ഞു. അവൻ തന്‍റെ വലിയ മഴുവെടുത്ത് മതിൽ വെട്ടിപ്പൊളിച്ചു. പന്ത്രണ്ടു മണിക്ക് ചന്തയിലേക്കുപോയ ആളുകൾ കണ്ടത്, അങ്ങേയറ്റം മനോഹരമായ ഉദ്യാനത്തിൽ കുട്ടികൾക്കൊപ്പം കളിച്ചുകൊണ്ടിരിക്കുന്ന ഭൂതത്തെയാണ്.
പകൽ മുഴുവൻ അവർ കളികൾ തുടർന്നു. സന്ധ്യയായപ്പോൾ കുട്ടികൾ ഭൂതത്തിനോട് യാത്രപറയാനെത്തി.
“പക്ഷേ, നിങ്ങളുടെയാ കൊച്ചുകൂട്ടുകാരനെവിടെ?' - ഭൂതം ചോദിച്ചു - “ഞാൻ മരത്തിൽ കയറ്റിയിരുത്തിയ കുഞ്ഞ്, അവനെവിടെ?" - തനിക്കൊരുമ്മ നല്‍കിയ ആ കുട്ടിയെയാണ് ഭൂതത്തിന് ഏറ്റവുമധികം ഇഷ്ടമായത്.
"ഞങ്ങൾക്കറിയില്ല." - കുട്ടികൾ പറഞ്ഞു - “അവൻ പോയിരിക്കുന്നു."
"നിങ്ങളവനോട് നാളെയും തീർച്ചയായും ഇവിടെ വരാൻ പറയണം." - ഭൂതം പറഞ്ഞു. എന്നാൽ കുട്ടികൾക്ക് അവനെ അറിയില്ലെന്നും മുമ്പു കണ്ടിട്ടില്ലെന്നും എവിടെയാണ് താമസം എന്നറിയില്ലെന്നും ആയിരുന്നു മറുപടി. അതുകേട്ട ഭൂതത്തിന് വളരെയധികം സങ്കടമായി.
പിന്നീട് എല്ലാ സായാഹ്നത്തിലും സ്കൂൾ വിട്ടു വരുന്നവഴി, കുട്ടികൾ ഭൂതത്തിനടുത്തുവരികയും അവരൊരുമിച്ചു കളിക്കുകയും പതിവായി. എന്നാൽ, ഭൂതം ഏറ്റവുമധികം സ്നേഹിച്ചിരുന്ന ആ കുട്ടിയെ മാത്രം പിന്നീടൊരിക്കലും കാണുകയുണ്ടായില്ല. അവന് എല്ലാ കുട്ടികളോടും വാത്സല്യ മുണ്ടായിരുന്നു; എങ്കിലും തന്‍റെ ആദ്യസുഹൃത്തായ ആ കുട്ടിയെ കാണാൻ അവൻ വളരെയധികം കൊതിച്ചിരുന്നു. ഇടയ്ക്കൊക്കെ അവൻ പറയും, "ഞാനവനെക്കാണാൻ എത്രമാത്രം ആഗ്രഹിക്കുന്നു!"
കാലം കടന്നുപോയി. ഭൂതത്തിന് പ്രായമേറെയായി; അവൻ അവശനായി. ഇപ്പോളവന് കുട്ടികൾക്കൊപ്പം കളിക്കാനാകില്ല; എങ്കിലും ഉമ്മറത്തൊരു ചാരുകസേരയുമിട്ട് അതിൽ കിടന്നുകൊണ്ട് തന്‍റെ ഉദ്യാനത്തെയും കുട്ടികൾ കളിക്കുന്നതും ഒക്കെ അവൻ വീക്ഷിക്കും. "എനിക്കൊരുപാട് സുന്ദര പുഷ്പങ്ങളുണ്ട്" - അവൻ പറഞ്ഞു - "എന്നാൽ എല്ലാറ്റിനെക്കാളും മനോഹരമായ പുഷ്പങ്ങൾ കുഞ്ഞുങ്ങൾ തന്നെയാണ്."
ഒരു ശൈത്യകാല പ്രഭാതത്തിൽ, വസ്ത്രം ധരിക്കുന്നതിനിടെ അവൻ ജനലിൽക്കൂടി നോക്കി. ഇപ്പോളവന് ശൈത്യത്തെ പേടിയില്ല. കാരണം, ഇത് പൂക്കൾ വിശ്രമിക്കുന്ന, വസന്തകാലമുറങ്ങുന്ന ഒരു ചെറിയ സമയം മാത്രമാണെന്ന് അവനറിയാം.
പെട്ടന്ന് അവൻ അത്ഭുതപ്പെട്ട് കണ്ണുകൾ തിരുമ്മി, അവിടേക്ക് വീണ്ടും വീണ്ടും നോക്കി. ആശ്ചര്യകരമായൊരു ദൃശ്യമായിരുന്നു അത്. ഉദ്യാനത്തിന്‍റെ അങ്ങേമൂലയിൽ നിറയെ വെള്ളപ്പൂക്കളുമായി ഒരു മരം. അതിന്‍റെ എല്ലാ ശാഖകളിലും താഴേക്കു തൂങ്ങിക്കിടക്കുന്ന സ്വർണ-വെള്ളിപ്പഴങ്ങൾ. അതിനു ചുവട്ടില്‍ ഭൂതം സ്നേഹിക്കുന്ന ആ കൊച്ചുകുട്ടി.
ആഹ്ളാദചിത്തനായ ഭൂതം താഴേക്ക് ഓടിയിറങ്ങി പൂന്തോട്ടത്തിലേക്കു ചെന്നു. തിരക്കുപിടിച്ച് പുല്ലിനു മുകളിൽക്കൂടി ഓടി ആ കുട്ടിയുടെ അടുത്തെത്തി. എന്നാൽ ആ കുട്ടിയുടെ മുഖത്തിനടുത്തേക്ക് കുനിഞ്ഞ ഭൂതം കോപത്താൽ ജ്വലിച്ചു. "ആർക്കാണ് നിന്നെയിങ്ങനെ മുറിവേല്‍പ്പിക്കാൻ ധൈര്യം?" - അവൻ ചോദിച്ചു. എന്തെന്നാൽ ആ കുഞ്ഞിന്‍റെ കൈത്തലങ്ങളിലും കാല്‍പ്പാദങ്ങളിലും ഈ രണ്ട് ആണിയടിച്ചതിന്‍റെ പാടുകളുണ്ടായിരുന്നു.
“ആർക്കാണ് നിന്നെയിങ്ങനെ മുറിവേല്‍പ്പിക്കാൻ ധൈര്യം?" - ഭൂതം ആർത്തട്ടഹസിച്ചു - “പറയൂ, എന്നോടു പറയൂ. ഞാനെന്‍റെ വലിയ വാളെടുത്ത് അവനെ അരിഞ്ഞുവീഴ്ത്താം."
“പാടില്ല." - ആ കുട്ടി പറഞ്ഞു - "ഇത് സ്നേഹത്തിന്‍റെ മുറിവുകളാണ്."
"ആരാണ് നീ?" - ഭൂതം ചോദിച്ചു. അജ്ഞാതമായൊരു ഭീതി (ഭക്തി) അവനിൽ നിറഞ്ഞു. അവൻ ആ കുട്ടിയുടെ മുന്നിൽ മുട്ടുകുത്തിയിരുന്നു.
ഭൂതത്തിന്‍റെ മുമ്പിൽ പുഞ്ചിരിച്ചുകൊണ്ട് ആ കുട്ടി പറഞ്ഞു: “ഒരിക്കൽ നിങ്ങളെന്നെ നിങ്ങളുടെ ഉദ്യാനത്തിൽ കളിക്കാനനുവദിച്ചു. ഇന്ന് നീ എന്നോടൊപ്പം എന്‍റെ ഉദ്യാനത്തിലേക്ക്, സ്വർഗ്ഗത്തിലേക്ക്, വരും."
അടുത്ത സായാഹ്നത്തിൽ കളിക്കാനായി അവിടേക്ക് ഓടിയെത്തിയ കുട്ടികൾ കണ്ടത് നിറയെ വെള്ളപ്പൂക്കൾകൊണ്ടു മൂടിനില്ക്കുന്ന ഒരു മരച്ചുവട്ടിൽ മരിച്ചുകിടക്കുന്ന ഭൂതത്തിനെയാണ്.
(D C BOOKS പ്രസിദ്ധീകരിച്ച, 'ഓസ്കര്‍ വൈല്‍ഡ് - ലോകോത്തര കഥകള്‍' എന്ന കൃതിയില്‍ നിന്നുമെടുത്താണ് ഈ കഥ ഇവിടെ ചേര്‍ത്തിരിക്കുന്നത്. അനശ്വരസാഹിത്യകാരനായ ഓസ്കര്‍ വൈല്‍ഡിന്‍റെ ഏതാനും കൃതികളുടെ വിവര്‍ത്തനങ്ങള്‍ നിര്‍വഹിച്ചിരിക്കുന്നത് ഈശ്വരന്‍ നമ്പൂതിരി എച്ച് ആണ്. THE SELFISH GIANT എന്ന കഥയുടെ വിവര്‍ത്തനമാണ് സ്വാര്‍ത്ഥനായ ഭൂതം.)